പുകയിലപ്പാടത്തിനപ്പുറത്തേക്ക് സൂര്യന്‍ മറയുന്ന ബാല്യത്തിന്റെ പകലറുതികള്‍ അവനെ കരയിച്ചിരുന്നു. ആഴ്ച്ചയവധിക്ക് വീട്ടില്‍ പോകുന്ന കൂട്ടുകാരിയെ യാത്രയാക്കി തിരിച്ചെത്തുമ്പോള്‍ ഹോസ്റ്റല്‍ മുറിയുടെ ജനലിനപ്പുറത്തു കശുമാവിന്‍ ചോട്ടില്‍ ഒളിക്കുന്ന സൂര്യനും അവനെ കരയിച്ചു.
പാതി എഴുതിയ വാക്കിന്‍മേല്‍ പേന നിശ്ചലമായപ്പോള്‍ തുറമുഖത്തെ ഓളമില്ലാത്ത ജലത്തില്‍ അനക്കമറ്റു നില്‍ക്കുന്ന ജലനൌകകളെ കാണാന്‍ പോയ സായാഹ്നം. ആദ്യം ആകാശത്തിനെ നിറങ്ങളാല്‍ ചുവപ്പിച്ചും പിന്നെ ശൂന്യതയുടെ ചാരനിറത്തില്‍ നഗ്നയാക്കിയും കടലിന്റെ ആഴത്തിലേക്ക് പോയ സൂര്യന്‍ നെഞ്ചില്‍ കണ്ണീരിന്റെ ഭാരം നിറച്ചു.
ഒരു ടെലിഫോണ്‍ സംഭാഷണം കൂടി തീരാന്‍ നേരമാവുമ്പോള്‍ അവള്‍ പറഞ്ഞ അവസാന വാക്കും കഴിഞ്ഞു. ഫോണ്‍ നിശ്ശബ്ദം. ഉള്ളില്‍ വീണ്ടും വേദനയുടെ യാത്രാമൊഴി കൊണ്ടു കരയിച്ചു മറ്റൊരു സൂര്യന്‍ കൂടി മറയുകയാണ്. സ്നേഹനിരാസങ്ങളുടെ സമയ ബിന്ദുക്കള്‍ ചേര്‍ന്ന് ഒരു പകല്‍ കൂടി ഒഴുകുമ്പോള്‍ എഴുതിപ്പൂര്‍ത്തിയാക്കിയ താളില്‍ കാലം കറുത്ത മഷിയിലെഴുതുന്ന വിധിയുടെ കയ്യൊപ്പ്. Yes. The signature of destiny.
....................... രഞ്ജിത്ത് (കയ്യൊപ്പ്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ