ഞാന്‍ മരിച്ചു.
ആരും കരഞ്ഞില്ല.
വാഴയിലയ്ക്ക് ആളു പോയെങ്കിലും, എന്‍റെ നീളമുള്ള വാഴയില കിട്ടിയില്ല.
പിന്നെ കുറേപേര്‍ക്ക് വേണ്ടത് ഒരു മാവായായിരുന്നു,എനിക്ക് ചിതയൊരുക്കാന്‍. അക്കൂട്ടര്‍ പറമ്പിലേക്കിറങ്ങിനോക്കി,മാവും കണ്ടില്ല.
പക്ഷെ, ഇന്നലെ ‘ജീവനോടെയുള്ള ഞാന്‍’എഴുതിയ ഒരു കുറിപ്പുകണ്ടു.
“നാളെ… ഞാന്‍ മരിക്കും….
തെക്കേമുറിയിലെ താക്കോലുകളഞ്ഞുപോയ അലമാറ കുത്തിത്തുറക്കണം.അതില്‍ നിറയെ ഞാനെഴുതി മുഴുമിപ്പിക്കാതെവെച്ച കഥകളാണ്.ആ കടലാസുകെട്ടുകള്‍ പുറത്തെടുത്ത് അതുകൊണ്ടെനിക്കൊരു ചിതയൊരുക്കണം.ഞാന്‍ എരിഞ്ഞടങ്ങേണ്ടത് ആ തീയിലാവണം.”
ആരോ അതു ചെയ്തു.
കണ്ടുനിന്നവരാരും തടയാന്‍ പോയില്ല.”മാവു ലാഭം!”
എന്‍റെ ചിത കത്തിത്തുടങ്ങി.
അന്തരീക്ഷത്തില്‍, കാലങ്ങളായി ആ വെള്ളകടലാസുകളില്‍ ഞാന്‍ ഒഴുക്കിക്കളഞ്ഞിരുന്ന മഷിയുടെ ഗന്ധം പരന്നു. സാമ്പ്രാണിപുകയ്ക്ക് മണമില്ലാതായി.
ആ കടലാസുകൂംമ്പാരത്തില്‍ ഞാന്‍ വേവുമ്പോള്‍ എല്ലാവരും ഒരു കരച്ചില്‍ കേട്ടു.
അതെന്‍റെതായിരുന്നില്ല, എന്നെ പൊതിഞ്ഞുകിടന്ന എന്‍റെ കഥാപാത്രങ്ങളുടേതായിരുന്നു. ഞാന്‍ ജീവന്‍ കൊടുത്തിട്ടും വളര്‍ത്താതിരുന്ന ഭ്രൂണങ്ങളുടെ അവസാനത്തെ കരച്ചില്‍.
ഇതിനുമുന്‍പും അവര്‍ കരഞ്ഞിട്ടുണ്ട്.
എത്രയോ രാത്രികളില്‍, കാലുകള്‍ മേശപ്പുറത്തേക്കു നീട്ടിവെച്ച്, പുതിയ കഥയുടെ ബീജത്തിനായി കണ്ണടയ്ക്കുമ്പോള്‍, ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു ഇതേ കരച്ചില്‍.
ആ കരച്ചില്‍ എനിക്കൊരാസക്തിയായിരുന്നു. മരിച്ചിട്ടും ഞാനടിമപെട്ടിരിക്കുന്ന ലഹരി! അതുകൊണ്ടാണെന്‍റെ ചിത ഇങ്ങനെയായത്.
ആ കരച്ചില്‍ നിലവിളികളായി.
ആ നിലവിളികേട്ട ആരോഒരാള്‍ ചിതയിലേക്ക് വെള്ളമൊഴിച്ചു.
എന്‍റെ ചിത കെട്ടു.
കരിയാന്‍ തുടങ്ങിയ എന്‍റെ കഥാപാത്രങ്ങളെയെല്ലാം അയാള്‍ എന്നോട് ചോദിക്കാതെ വാരിയെടുത്തുകൊണ്ടുപോയി.
കൂടിനിന്നവര്‍ കഷ്ടം വെച്ച് പിരിഞ്ഞുപോയി. പാതിവെന്ത ഞാന്‍ മാത്രം ബാക്കിവന്നു.
ചോര വറ്റിയ, മാംസം കരിഞ്ഞുതീരാത്ത, എന്‍റെ ശവം ആ നനഞ്ഞ മണ്ണില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍, ദൂരെ ആ കഥാപാത്രങ്ങള്‍ ചിരിക്കുന്നതു ഞാന്‍ കേട്ടു.
അവര്‍ക്കീ കാഴ്ച്ച ഒരു ലഹരിയായിയിരുന്നിരിക്കണം.
posted by : ആഖി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ