2011, ജൂൺ 28, ചൊവ്വാഴ്ച

നക്ഷത്രങ്ങളില്ലാത്ത രാത്രിയില്‍
മനസ്സിന്റെ ചില്ലയില്‍ ഒരു കവിത വന്നിരുന്നു
അത് ഞങ്ങളുടെ അനുരാഗമായിരുന്നു
മയില്‍‌പ്പീലികള്‍ കൊണ്ടു അതൊരു കൂട് പണിതു.

എന്നിട്ട്
ആണ്‍കുയിലുമൊത്തു പുലരുവോളം പ്രണയിച്ചു
പുലരിയില്‍ ഞാനൊരു പൂങ്കുയിലായി
സൂര്യനെ നോക്കി പാട്ടുപാടി
മഴവില്ലുകളുടെ മുട്ടകളിട്ടു
ആകാശങ്ങളില്‍ അവ വിരിഞ്ഞു നിന്നു.

എന്റെ കൂട്ടുകാരീ, ഞങ്ങളുടെ പ്രണയത്തിന്റെ
ഈ വസന്തം നീ കാണുന്നില്ലേ?
ഭൂമിയില്‍ കാല്‍‌പാദങ്ങളില്‍ നോക്കി നടന്നാല്‍
നിനക്കത്‌ കാണാനാവില്ല
അവിടെ മുരടിച്ചതും കൊഴിഞ്ഞു പോയതുമായ
ഇന്നലെകള്‍ മാത്രം കാണാം.

ഞങ്ങള്‍ നാളെയുടെ ചന്ദനക്കിണ്ണം
ഞങ്ങള്‍ വരാനിരിക്കുന്ന വസന്തം
പൂക്കാലങ്ങളുടെ സുഗന്ധം
ഞാന്‍ എന്റെ തോഴനോടൊപ്പം
ശിരസ്സുയര്‍‌ത്തി പിടിച്ചിരിക്കുന്നു
നിലാവ് ഒരു സുവര്‍‌ണ്ണകമ്പളം കൊണ്ട്
ഞങ്ങളെ പൊതിഞ്ഞിരിക്കുന്നു.
POSTED BY : SHANU SHAHUL HAMED

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ