2011, ജൂൺ 30, വ്യാഴാഴ്‌ച

പ്രണയം, ജീവിതം, വിവാഹം


പ്രണയസ്വപ്നങ്ങളും ജീവിത യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള അന്തരം പലരുടെയും ദാമ്പത്യബന്ധങ്ങളെ തകിടം മറിച്ചിട്ടുണ്ട്. പ്രണയം ആദര്‍ശങ്ങളുടെയും സ്വപ്നങ്ങളുടെയും ലോകത്താണെങ്കില്‍ ജീവിതം പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിലാണ്.
മോഹന്‍ലാലും ഉര്‍വശിയും അഭിനയിച്ച മിഥുനം എന്ന സിനിമ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. പ്രണയകാലത്ത് ഇങ്ങനെയൊന്നുമായിരുന്നില്ല എന്നാണ് ഭര്‍ത്താവിനെക്കുറിച്ച് നായികയുടെ പരാതി. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പ്രണയകാലത്തെ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ നായകനു കഴിയുന്നില്ല. ഇത് സൃഷ്ടിക്കുന്ന സംഘര്‍ഷമാണ് സിനിമയുടെ പ്രമേയം.
പ്രണയ വിവാഹത്തില്‍ പ്രതീക്ഷകള്‍ കൂടുതലായിരിക്കും. കാമുകീകാമുകന്‍മാര്‍ മണിക്കൂറുകള്‍ ചുറ്റുമുള്ള ലോകത്തെ വിസ്മരിച്ച് സംസാരിച്ചിരിക്കും. ഭക്ഷണം കഴിക്കാന്‍ പോലും മറന്ന് അവര്‍ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവെയ്ക്കും. കാമിനിയുടെ ഏത് ആഗ്രഹവും സഫലമാക്കുമെന്ന് കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനന്റെ ഭാവത്തോടെ കാമുകന്‍ വാഗ്ദാനം ചെയ്യും.
പങ്കാളിക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ പ്രണയികള്‍ ഉത്സാഹിക്കും. കണ്ടുമുട്ടുന്ന ചുരുങ്ങിയ സമയങ്ങളില്‍ ഒപ്പമുള്ളയാളെ സന്തോഷിപ്പിക്കാന്‍ ഇരുവരും മത്സരിക്കും. എല്ലാറ്റിലുമുപരി സ്വന്തം വ്യക്തിത്വത്തിന്റെ ഏറ്റവും നല്ല വശമാകും ഇഷ്ടപ്പെടുന്നയാള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുക.
പ്രണയത്തിന് സാമ്പത്തിക പരാധീനതകള്‍ പോലും ഉണ്ടാകില്ല. കാമുകിയുടെ പിറന്നാളിന് പണം കടംവാങ്ങിയാണെങ്കിലും വിലയേറിയ സമ്മാനം വാങ്ങിക്കൊടുക്കും.
ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ താമസം തുടങ്ങുന്നതോടെ ഇതെല്ലാം തകിടം മറിയും. കണ്ടുമുട്ടുന്ന ഏതാനും മണിക്കൂറുകളില്‍ പരസ്?പരം സന്തോഷിപ്പിക്കുന്നതുപോലെ ഒരുമിച്ച് ജീവിക്കുമ്പോള്‍ പറ്റില്ല.
കഴിവിനും ഗുണങ്ങള്‍ക്കുമൊപ്പം പരിമിതികളും ദോഷങ്ങളും വ്യക്തികള്‍ക്കുണ്ടാകും. ഇതെല്ലാം സ്വാഭാവികമായി തെളിഞ്ഞുവരും. നല്ല വാക്ക് മാത്രം പറഞ്ഞിരുന്നവള്‍ കുത്തുവാക്കുകള്‍ പ്രയോഗിച്ചുതുടങ്ങും…നുള്ളിനോവി ക്കാത്തയാള്‍ ചിലപ്പോള്‍ തല്ലിയെന്നുവരും.
പ്രണയത്തിന്റെ സ്വപ്നസൗധത്തില്‍ നിന്ന് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിവരാത്തവര്‍ക്ക് ഇതിനെ അഭിമുഖീകരിക്കുക എളുപ്പമാകില്ല.
പ്രേമിക്കുന്ന കാലത്ത് സ്ത്രീയും പുരുഷനും മാത്രമാണുണ്ടാവുക. വിവാഹം കഴിക്കുന്നതോടെ മാതാപിതാക്കളും ബന്ധുക്കളുമൊക്കെ ചേര്‍ന്ന ഒരു വലിയ സമൂഹത്തിന്റെ ഭാഗമായി അവര്‍ മാറും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ മാനിക്കാനും എല്ലാവരെയും പരിഗണിക്കാനും അവര്‍ ബാധ്യസ്ഥരാകും. ഇതോടെ പരസ്?പരം നല്‍കിയിരുന്ന പരിഗണനയും കരുതലും അതേ തീവ്രതയില്‍ പ്രകടിപ്പിക്കാനായെന്നു വരില്ല.
പ്രണയകാലമല്ല യഥാര്‍ഥ ജീവിതം എന്ന തിരിച്ചറിവോടെ വിവാഹത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഇത്തരമൊരു പ്രതിസന്ധിയുണ്ടാവില്ല. അതോടൊപ്പം പങ്കാളിയുടെ ഗുണങ്ങളിലും നന്മകളിലും ഭാഗഭാക്കാവുന്ന നമ്മള്‍ അയാളുടെ കുറവുകളും പരിമിതികളും കൂടി സ്വീകരിക്കാന്‍ ബാധ്യസ്ഥരാണെന്ന് തിരിച്ചറിയുക. എല്ലാറ്റിലുമുപരി കാലത്തിനും പ്രായത്തിനുമൊപ്പം പ്രണയത്തിനും രൂപാന്തരീകരണം സംഭവിക്കുമെന്ന് മനസ്സിലാക്കുക. മധുരപ്പതിനേഴിലെ പച്ചപ്രണയമാകില്ല 30 വയസ്സാകുമ്പോഴുള്ളത്.
വികാരത്തിനപ്പുറം വിവേകത്തിന്റെ തലങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കും. വിവാഹം കഴിച്ച് കുട്ടികളൊക്കെ ആയിക്കഴിയുമ്പോള്‍ ജീവിതത്തിന്റെ പ്രായോഗിക പാഠങ്ങള്‍കൂടി ഇതോട് ചേരും. കാലംചെല്ലുമ്പോള്‍ ശരീരത്തിനും മനസ്സിനുമപ്പുറം ഒരാത്മീയതലത്തിലേക്ക് ബന്ധം വളരും.
എന്നാല്‍ പ്രണയം മരിക്കുന്ന ദുരവസ്ഥ ചിലരുടെ ജീവിതത്തിലുണ്ടാകും. അതൊരു വലിയ ദുരന്തമാണ്. പിന്നീടുള്ള നാളുകള്‍ കലഹത്തിന്റെയും വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും നാളുകളായിരിക്കും. അത്തരം കഠിനകാലത്ത് ചിലപ്പോള്‍ ഒരുമിച്ച് ജീവിക്കുന്നതിനേക്കാള്‍ അഭികാമ്യം വേര്‍പിരിയുന്നതായിരിക്കും. പക്ഷേ, പ്രണയവും വിവാഹവും പോലെ ഒരു എടുത്തുചാട്ടമാകരുത് വേര്‍പിരിയലെന്നു മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ